പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ കോൺഗ്രസിലേയും ബിജെപിയിലേയും അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തുവരികയാണ്. കോൺഗ്രസിൽ സീറ്റിന് വേണ്ടി അവകാശവാദമാണെങ്കിൽ ബിജെപിയിൽ സീറ്റുറപ്പിക്കാൻ കടുത്ത പിടിവലിയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ അതൃപ്തി തുടങ്ങി. ജില്ലയിൽ നിന്നുതന്നെയുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറായ ഡോ പി സരിൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി രംഗത്തുവന്നു. ഇന്ന് ഉച്ചയ്ക്ക് 11.45 ന് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സരിൻ. പാലക്കാട് ജില്ലയിൽ നിന്ന് തന്നെയുള്ള സ്ഥാനാർത്ഥിയുണ്ടാകുമെന്നും തനിക്ക് പരിഗണന കിട്ടുമെന്നുമായിരുന്നു സരിൻ്റെ പ്രതീക്ഷ. സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് കരുതി ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സരിൻ ഈ മേഖലയിൽ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു. രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ കടുത്ത നിരാശയിലാണ് സരിൻ. ഇതോടെയാണ് ഇന്ന് ഉച്ചയ്ക്ക് ഒറ്റയ്ക്ക് വാർത്താ സമ്മേളനം വിളിച്ചത്.
അതേ സമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ബിജെപിയിൽ കടുത്ത പിടിവലിയാണ് അരങ്ങേറുന്നത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് കേന്ദ്രനേതൃത്വത്തിനു മുന്നിലുള്ളത്. ശോഭാ സുരേന്ദ്രനും സി.കൃഷ്ണകുമാറിനും വേണ്ടി വലിയ സമ്മർദമാണ് പ്രാദേശിക നേതാക്കൾ നടത്തുന്നത്. ഇരുപക്ഷവും നിലപാട് കടുപ്പിക്കുമ്പോൾ രണ്ടു പേരെയും നോക്കുകുത്തിയാക്കി െെ സുരേന്ദ്രൻ സീറ്റും കൊണ്ട് പോകുമോ എന്ന വേവലാതിയും ചില നേതാക്കൾക്കില്ലാതില്ല. പാലക്കാട് കഴിഞ് തെരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയതാണ് സീറ്റിൽ പിടിമുറുക്കാൻ രണ്ട് നേതാക്കളും കച്ചകെട്ടിയിറങ്ങിയത്.
ശോഭയെ വയനാട്ടിൽ മത്സരിപ്പിക്കാനും കൃഷ്ണകുമാറിന് പാലക്കാട് സീറ്റ് നൽകാനും ശ്രമം നടക്കുന്നതായി ശോഭാ അനുകൂലികൾ ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരേ ഇവർ മൂന്ന് സമാന്തരയോഗങ്ങൾ ചേർന്നതായാണ് വിവരം. എറണാകുളത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികൾ അടക്കം പങ്കെടുത്തു. ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വമാണ് ഇപ്പോഴത്തെ അജൻഡയെങ്കിലും അന്തിമലക്ഷ്യം സംഘടനാ തിരഞ്ഞെടുപ്പാണെന്നും ശ്രുതിയുണ്ട്