തിരുവനന്തപുരം : ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തില്‍ ഇന്ത്യ-കാനഡ ബന്ധം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയേയും അത് ആശങ്കയിലാഴ്ത്തുകയാണ്. കനഡയിലെ നിലവിലെ മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം പതിനായിരത്തോളം വരും. ഇവരില്‍ നല്ലൊരു പങ്കും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കാനഡയിലെത്തിയവരാണ്. പുതിയ സംഭവവികാസങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കാനഡ വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഓഗസ്റ്റ് വരെയുള്ള വിവരമനുസരിച്ച് 4.27 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ ഉണ്ടെന്നാണ് കണക്ക്. കാനഡയിലെ ആകെ വിദേശ വിദ്യാര്‍ത്ഥികളുടെ 41 ശതമാനം വരുമിത്. കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഭാവന അത്രയും വലുതാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നതോടെ കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്.
2023നെ അപേക്ഷിച്ച് ഈ വര്‍ഷം കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കില്‍ 37 ശതമാനത്തിൻ്റെ കുറവുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇത് ഇനിയും ഇടിയാനാണ് സാദ്ധ്യത. 2023 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച കനഡ സ്റ്റഡി പെര്‍മിറ്റില്‍ 86 ശതമാനത്തിൻ്റെ കുറവാണുള്ളത്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ, മുന്‍വര്‍ഷത്തെ 1,08,940 ല്‍ നിന്ന് 14,901 ആയി കുറഞ്ഞു. ഇന്ത്യ-കാനഡ ബന്ധം വഷളായതാണ് എണ്ണത്തിലെ കുറവിൻ്റെ പ്രധാന കാരണം.
ഇതുകൂടാതെ, അടുത്തിടെ ട്രൂഡോ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവന്നിരുന്നു. ഇതിനെതിരേ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. കാനഡയില്‍ പഠിക്കുന്ന മലയാളികളില്‍ ഭൂരിഭാഗവും അടുത്തിടെ എത്തിയവരാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തമാകുന്നത് മലയാളികള്‍ അടക്കമുള്ളവരെ ബാധിക്കുന്നുണ്ട്.
കാനഡയില്‍ ട്രൂഡോ സര്‍ക്കാരിന്റെ ജനപ്രീതി ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞു വരികയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡക്ക് തിരിച്ചടി നേരിടുമെന്നാണ് അഭിപ്രായസര്‍വ്വേകള്‍ പുറത്ത് വരുന്നത്. കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ വരവ് മൂലം തദ്ദേശീയരുടെ തൊഴില്‍ നഷ്ടപ്പെടുകയും വീട്ടുവാടക വന്‍തോതില്‍ ഉയരുകയും ചെയ്തുവെന്ന വികാരമാണുള്ളത്. ഇന്ത്യ വിരുദ്ധ നിലപാട് കൈക്കൊള്ളുന്നതിലൂടെ ഈ വികാരത്തെ അനുകൂലമാക്കി എടുക്കാമെന്ന കണക്കുകൂട്ടലാണ് ഇപ്പോൾ ട്രൂഡോയ്ക്കുള്ളത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് കാനഡ ഇനിയുള്ള കാലം ഒരു വിദൂര സ്വപ്നം മാത്രമായി മാറും.