മൂലഗംഗൽ, വെച്ചപ്പതി ആദിവാസി കുടുംബങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഡി.ജി.പി, പാലക്കാട് പൊലീസ് ജില്ല മേധാവി, അഗളി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് നൽകിയത്. പാമ്പര്യമായി ജീവിക്കുന്ന മൂലഗംഗൽ ഊരിലെ ഭൂമിയിൽ നിന്ന് കുടിയിറക്കൽ ഭീഷണി നേരിടുന്ന നഞ്ചി, ശിവാൾ, ലക്ഷ്മി, മാരി, മാരുതി, മയില, ലക്ഷ്മി, രുഗ്മിണി എന്നിവരാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്
കോയമ്പത്തൂർ, സിഗനല്ലൂർ രാമസ്വാമി സ്ട്രീറ്റ് ലൈനിലെ എച്ച്.ഐ.എസ്.എസ് കോളിനിയിലെ സദാനന്ദ ട്രസ്റ്റും കോയമ്പത്തൂർ സ്വദേശികളായ കണ്ണൻ, ശെമ്പകൻ എന്നിവരുമാണ് താമസിക്കുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിയണമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ആദിവാസികൾ കോടതിയെ അറിയിച്ചു. മൂലഗംഗലിലെ ആദിവാസികൾക്ക് വേണ്ടി അഡ്വ. കെ.ആർ. അനീഷാണ് ഹാജരായത്.
സമാനമായ കുടിയൊഴിക്കൽ ഭീഷണി നേരിടുന്ന വെച്ചപ്പതി ഊരിലെ വേലുസ്വാമി, മുരുകൻ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതികളുടെ ജീവനും സ്വത്തിനും മതിയായതും ഫലപ്രദവുമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഡി.ജി.പി, പാലക്കാട് പൊലീസ് ജില്ല മേധാവി, അഗളി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് നൽകിയത്. ആദിവാസികളുടെ അനുഷ്ഠാന കേന്ദ്രമായ വെച്ചപ്പതിയിലെ ക്ഷേത്രവും സംരക്ഷിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.