പാലക്കാട് : ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഡോ. പി. സരിനെ ഇടത് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ അംഗീകാരം. അനുകൂല സാഹചര്യം മുതലെടുക്കണമെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ പരമാവധി ചോര്‍ത്തണമെന്നും യോഗം വിലയിരുത്തി. വൈകീട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അനുകൂല സാഹചര്യങ്ങൾ എന്തായാലും പ്രയോജനപ്പെടുത്താനാണ് എൽ.ഡി.എഫ് തീരുമാനമെന്നു എ.കെ. ബാലൻ പാലക്കാട് പറഞ്ഞു.
മൂന്നാം വട്ടവും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കേരളത്തിൽ അധികാരം സാദ്ധ്യമാണെന്ന് ഡോ.പി. സരിൻ മാധ്യമങ്ങളോട് പറഞ്ഞു. “അതിന്‍റെ തുടക്കമാവും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിജയം. ഇതുവരെ കോൺഗ്രസിലെ ഇടതുപക്ഷക്കാരനായിരുന്നു, ഇനി സിപിഎമ്മിലെ കോൺഗ്രസുകാരനാവും. പിണറായി വിജയനെ താൻ വിമർശിച്ചത് ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. “
പാർട്ടി മാറ്റത്തിന് പിന്നാലെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസിനെ ആദ്യമായി ഫോണിൽ വിളിച്ച് സഖാവ് സരിനെന്ന് പരിചയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. താൻ കോൺഗ്രസ് വിട്ടതിന്‍റെ പേരിൽ ഭാര്യയെ പഴി പറയുന്നത് ദൗർഭാഗ്യകരമാണെന്നും സരിൻ ചൂണ്ടിക്കാട്ടി.