കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ മുൻകൂർ ജാമ്യഹർജി നൽകി. തലശ്ശേരി സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് ദിവ്യ ഹർജിയിൽ പറയുന്നു. യോഗത്തിൽ സംസാരിക്കാനും ക്ഷണമുണ്ടായി. ഡെപ്യൂട്ടി കലക്ടർ ശ്രുതിയാണ് തന്നെ സംസാരിക്കാൻ ക്ഷണിച്ചത്. അതനുസരിച്ചാണ് സംസാരിച്ചതെന്നും ദിവ്യ പറയുന്നു. സംസാരത്തിനിടെ നടത്തിയത് സദുദ്ദേശപരമായ പരാമർശങ്ങളായിരുന്നു. എ.ഡി.എമ്മിനെതിരെ നേരത്തേയും പരാതികൾ ഉയർന്നിരുന്നുവെന്നും ദിവ്യ മുൻകൂർ ജാമ്യഹർജിയിൽ ആരോപിക്കുന്നു.
ഫയലുകൾ വെച്ച് താമസിക്കുന്ന രീതിയും എ.ഡി.എമ്മിനുണ്ടെന്നും പരാതിയുണ്ടായിരുന്നു. ജനപ്രതിനിധിയെന്ന നിലയിലാണ് ഇക്കാര്യങ്ങൾ യോഗത്തിൽ സൂചിപ്പിച്ചത്. എ.ഡി.എമ്മിനെ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറിയിട്ടില്ല. മൂന്നുമണിക്കാണ് യാത്രയയപ്പ് പരിപാടി നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പരിപാടിയുള്ളതിനാൽ ആ സമയത്ത് എത്താൻ കഴിഞ്ഞില്ല. തുടർന്ന് കലക്ടറെ വിളിച്ച് പരിപാടി കഴിഞ്ഞോ എന്ന് ചോദിച്ചു. അതിനു ശേഷമാണ് എത്തിയതെന്നും ദിവ്യ ഹരജിയിൽ ചൂണ്ടിക്കാട്ടി. വിവാദത്തെ തുടർന്നുണ്ടായ ആരോപണത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തതിനാൽ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം നീക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. യാത്രയപ്പ് വേളയിൽ ദിവ്യ എഡിഎമ്മിനെതിരെ നടത്തിയ അഴിമതി ആരോപണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ദിവ്യക്കെതിരെയുള്ള പരാതി.