(ബെഞ്ചമിൻ നെതന്യാഹു / Courtesy: X)
ടെൽ അവീവ്: ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം നടത്തി ലെബനൻ.
ശനിയാഴ്ച രാവിലെ നടന്ന ഹിസ്ബുള്ളയുടെ അപ്രതീക്ഷിത ആക്രമണം
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യം വെച്ചാണെന്നാണ് പറയപ്പെടുന്നത്. ലെബനനിൽ നിന്നുള്ള ഡ്രോൺ രാജ്യത്തേക്ക് കടന്നതായും സീസേറിയ പട്ടണത്തിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതായും ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചു.
ആക്രമണത്തിൽ നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. നെതന്യാഹു സമീപത്തുണ്ടായിരുന്നില്ലെന്നും ആളപായമൊന്നും ഇല്ലെന്നും സൈന്യം വ്യക്തമാക്കി. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലെബനനിൽനിന്ന് മൂന്ന് മിസൈലുകൾ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോർട്ട്.
ഹമാസ് തലവൻ യഹിയ സിൻവാർ , ഇസ്രയേൽ സൈനികനടപടിക്കിടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ആക്രമണം. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ ആസൂത്രകനായിരുന്നു സിൻവാർ.
ബയ്റുത്തിൻ്റെ തെക്കുഭാഗത്ത് ഹിസ്ബുള്ള കേന്ദ്രത്തിലും തെക്കൻ ലെബനനിലെ നബതിയേഹിലും ഇസ്രയേൽ കഴിഞ്ഞദിവസം വ്യോമാക്രമണത്തിൽ നബതിയേഹിൽ മേയറുൾപ്പെടെ ആറുപേർ മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റുമുട്ടലിൽ 1356 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.