പാലക്കാട് : കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ദില്ലിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാലക്കാട് സി കൃഷ്ണകുമാർ, വയനാട്ടിൽ നവ്യ ഹരിദാസ്, ചേലക്കരയിൽ കെ ബാലകൃഷ്ണൻ എന്നിങ്ങനെയാണ് സ്ഥാനാർത്ഥി ലിസ്റ്റ്
കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവുമാണ് നവ്യ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർഥിയായിരുന്നു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി ജില്ലാ പ്രസിഡന്റ്, ബിജെപി സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച നേതാവാണ് സി.കൃഷ്ണകുമാർ. 2000 മുതൽ 2020 വരെ പാലക്കാട് നഗരസഭാ കൗണ്‍സിലറായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു.
കേരളത്തിൽ ബിജെപിക്ക് ഏറ്റവും വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ 3859 വോട്ടുകൾക്ക് മാത്രമാണ് ഇ ശ്രീധരൻ തോറ്റത്. എന്നാൽ ഇത്തവണ യുഡിഫും എൽഡിഎഫും സ്ഥാനാർഥികളെ തീരുമാനിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടും ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ പല നേതാക്കളും പരസ്യമായി രംഗത്തു വന്നിരുന്നെങ്കിലും സംസ്ഥാന നേതൃത്വം അതെല്ലാം തള്ളി സി കൃഷ്ണ കുമാറിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.