റാഞ്ചി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സീറ്റ് വിഭജന ചർച്ചകളിലേക്ക് കാലെടുത്തു വെക്കുമ്പോഴേക്കും എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി പ്രഖ്യാപനം നടത്തി കഴിഞ്ഞു. ബിജെപി 68 സീറ്റിൽ മത്സരിക്കും. ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ പത്തു സീറ്റിലും. 66 പേരുടെ സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു. പട്ടികയിൽ രണ്ടു മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയം. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി, ചംപയ് സോറൻ എന്നിവരാണ് ബിജെപിക്കായി മത്സരിക്കുന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ച വിട്ട് ഓഗസ്റ്റിലാണ് ചംപയ് സോറൻ ബിജെപിയിൽ ചേർന്നത്. ചംപയ് സോറൻ്റെ മകൻ ബാബുലാൽ സോറൻ, മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹോദരഭാര്യ സീതാ സോറൻ എന്നിവരും ബിജെപി സ്ഥാനാർഥി പട്ടികയിലുണ്ട്.
കോൺഗ്രസും ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തിമോർച്ചയും ചേർന്ന് 70 സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനമെടുത്തത്. ആകെയുള്ള 81 സീറ്റുകളിൽ ബാക്കി വരുന്ന 11 സീറ്റുകളിൽ ആർജെഡിയും ഇടതുപാർട്ടികളും മത്സരിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച 43 സീറ്റിലും കോൺഗ്രസ് 31 സീറ്റിലുമാണ് മത്സരിച്ചത്. ഇത്തവണ കോണ്‍ഗ്രസ് 27 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാര്‍ഖണ്ഡ് മുക്തിമോർച്ച കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് തയ്യാറെടുക്കുന്നത്. ഹേമന്ത് സോറനാണ് ജാർഖണ്ഡിലെ പാർട്ടിയുടെ മുഖമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ വിജയം നേടാനാകുമെന്നും പാർട്ടി നേതാക്കൾ പറയുന്നു
ജാർഖണ്ഡിൽ രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബർ 13, 20 തീയതികളിൽ വോട്ടെടുപ്പും നവംബർ 23ന് വോട്ടെണ്ണലും നടക്കും