തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വൻ പ്രതിഷേധം. തൃശ്ശൂർ പൂരത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവാണിതെന്ന് മന്ത്രി കെ രാജൻ. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് ഒരു കാരണവശാലം അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി പ്രതികരിച്ചു.
നിലവിലുള്ള മാനദണ്ഡങ്ങൾ പൂർണമായും ഉൾക്കൊണ്ടാൽ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിൻക്കാട് മൈതാനിയിൽ വെച്ച് കരിമരുന്ന് പ്രയോഗം നടത്താനാനാവില്ലെന്ന് മന്ത്രി പറഞ്ഞു. 35 നിയന്ത്രങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാനാകുന്നതാണ്. എന്നാൽ, അഞ്ച് നിബന്ധനകൾ ഒരുകാരണവശാലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിക്കെട്ടുപുരയിൽനിന്ന് 200 മീറ്റർ അകലെവേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധന വന്നതോടെ തേക്കിൻകാട് മൈതാനിയിൽ എന്നല്ല, തൃശ്ശൂർ റൗണ്ടിൽപ്പോലും ഇതു നടത്താനാകാത്ത സ്ഥിതിയാകും. കാണികൾക്കുള്ള ദൂരപരിധി 60 മീറ്ററാക്കി കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ നിയമഭേദഗതി പാസാക്കിയത്.
വെടിക്കെട്ടുപുരയിൽനിന്ന് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം ഇതുവരെ 45 മീറ്ററായിരുന്നു. അവിടെനിന്ന് 100 മീറ്റർ അകലെയാണ് കാണികളെ അനുവദിച്ചിരുന്നത്. ഇത്തരത്തിൽ 145 മീറ്റർ ദൂരപരിധി പാലിക്കുമ്പോൾത്തന്നെ റൗണ്ടിൽ കാണികൾക്ക് നിൽക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്
പുതിയ നിയമഭേദഗതിയനുസരിച്ച് കുറേക്കൂടി നീങ്ങിമാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങളുള്ള സ്ഥലമായതിനാൽ ഇത് സാധ്യവുമല്ല. ഇതിനാൽ ഈ നിയമഭേദഗതി നിലനിൽക്കുമ്പോൾ നിലവിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തുക പ്രയാസകരമാകും.