റാഞ്ചി: നിയമസഭാ ഇലക്ഷൻ അടുത്ത് നിൽക്കെ ജാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടിയായി പാർട്ടി സംസ്ഥാന വക്താവടക്കമുള്ള മൂന്നു മുൻ എംഎൽഎമാർ പാർട്ടി വിട്ടു. മൂന്നു പേരും ജാർഖണ്ഡ് മുക്തി മോർച്ചയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
ഇത്തവണ ഏത് വിധേനയും ജാർഖണ്ഡിൽ അധികാരം പിടിക്കാൻ തന്ത്രങ്ങൾ ഒരുക്കുന്നതിനിടെയാണ് സംസ്ഥാന വക്താവായിരുന്ന കുനാൽ സാരംഗി, ലൂയിസ് മൊറാണ്ടി, ലക്ഷമൺ ടുഡു എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്. 2014ൽ ദുംക മണ്ഡലത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ തോൽപ്പിച്ചാണ് ലൂയിസ് മൊറാണ്ടി നിയമസഭയിലെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായിരുന്ന വനിതാ നേതാവിലൂടെയാണ് ചരിത്രത്തിലാദ്യമായി ദുംക മണ്ഡലം ബിജെപി പിടിച്ചടക്കിയത്. കഴിഞ്ഞ ജൂലൈയിൽ വക്താവ് സ്ഥാനം രാജിവെച്ച സാരംഗിയും, ഘട്ട്ഷില മുൻ എംഎൽഎ ലക്ഷമൺ ടുഡുവും ലൂയിസ് മൊറാണ്ടിക്കൊപ്പം രാജിക്കത്ത് നൽകി.
സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും പ്രവർത്തനവൈകല്യവും ചൂണ്ടിക്കാട്ടി നേതാക്കൾ സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടിക്ക് കത്തയച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്. എൻഡിഎ സഖ്യകക്ഷിയായ എജെഎസ്‌യു നേതാക്കൾ ജെഎംഎമ്മിൽ ചേർന്നതിനു പിന്നാലെയാണ് ബിജെപിയുടെ മുതിർന്ന നേതാക്കൾ കൂടി ഭരണകക്ഷിയായ ജെഎംഎമ്മിൽ ചേർന്നത്.