(Photo : X)
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങളായിരുന്നു ആക്രമണത്തിൻ്റെ ലക്ഷ്യമെന്നറിയുന്നു. ശനിയാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. നിരന്തരമായ പ്രകോപനങ്ങൾക്കുള്ള മറുപടിയാണിതെന്ന് പറയുന്ന ഇസ്രയേൽ തിരിച്ചടി നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കുന്നു.
ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രായേലിനുനേരെ 180-ലധികം മിസൈലുകൾ അയച്ച് ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഇറാനിൽ പ്രത്യാക്രമണം നടത്താൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജൻസിന്റെ രഹസ്യരേഖകൾ ചോർന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉൾപ്പടെയാണ് പുറത്തുവന്നത്. ഇസ്രയേൽ ആകാശത്തുവച്ച് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പുനർവിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളിൽ പറയുന്നുണ്ട്.