(പ്രതീകാത്മക ചിത്രം)
കണ്ണൂർ : റെയിൽവെ ട്രാക്കിലേക്ക് അശ്രദ്ധമായി സിമന്റ് മിക്സിങ് യൂണിറ്റ് കയറ്റി അപകടം ക്ഷണിച്ചു വരുത്തുമായിരുന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ച് റെയിൽവെ. ശനിയാഴ്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ഉച്ചക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരം–മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് പയ്യന്നൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് ട്രാക്കിലേക്ക് അശ്രദ്ധമായി സിമന്റ് മിക്സിങ് യൂണിറ്റ് കയറ്റിയത്. അപകടസാധ്യത മുന്നിൽ കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ വൻദുരന്തം ഒഴിവായി.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി . സ്റ്റേഷനിലെത്തിച്ച സിമന്റ് മിക്സിങ് യൂണിറ്റ് രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് തള്ളിക്കൊണ്ടു പോയത് ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെയായിരുന്നു.
അപകടം തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റ് പെട്ടെന്ന് ബ്രേക്ക് ചെയ്ത് ട്രെയിന്റെ വേഗത കുറച്ചു. ഇതിനിടയിൽ മിക്സിങ് യൂണിറ്റ് തള്ളി നീക്കിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ബ്രേക്ക് ചെയ്ത് വേഗത കുറച്ചുവെങ്കിലും ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ കടന്നുപോയി. സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ കടന്നുപോകുമ്പോൾ അനൗൺസ്മെൻ്റോ മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഒരുക്കിയില്ലെങ്കിൽ ഇത്തരം അപകട സാഹചര്യങ്ങൾ ഇനിയും ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണെന്നെ പൊതുജനാഭിപ്രായവും ഉയരുന്നുണ്ട്.