വല്ലാത്തൊരു പിച്ച് തന്നെയാണ് നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്. ശരിക്കും ബാറ്റര്‍മാരുടെ പരീക്ഷണക്കളരി. കഴിഞ്ഞകളിലെല്ലാം ഇന്ത്യയും ഭക്ഷിണാഫ്രിക്കയും കീഴടക്കിയത് എതിരാളികളെയല്ല, നാസോ കൗണ്ടിയിലെ പിച്ചിനെയാണ്.
ഇന്നലെയും ദക്ഷിണാഫ്രിക്ക – ബംഗ്ലാദേശ് മത്സരവും മറിച്ചൊന്നായിരുന്നില്ല. റണ്ണൊഴുകാത്ത പിച്ചിൽ കുറഞ്ഞ സ്കോറിൽ ആർ വിജയം നേടും എന്ന പിരിമുറുക്കത്തിലായിരുന്നു കാണികളും ടെലിവിഷൻ പ്രേക്ഷകരും. അവസാന ഓവര്‍ വരെ ആ ആവേശം പടർന്നു നിന്നു. ഒടുവിൽ ബംഗ്ലാദേശിനെ നാലു റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് സൂപ്പര്‍ 8 ഉറപ്പിച്ചു
114 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിൻ്റെ ഏഴു വിക്കറ്റ് പിഴുത് 109 റണ്‍സിൽ ഒതുക്കി
ദക്ഷിണാഫ്രിക്ക. തന്‍സിദ് ഹസന്‍ (9), ലിട്ടണ്‍ ദാസ് (9), ഷാക്കിബ് അല്‍ ഹസന്‍ (3) എന്നിവരെല്ലാം ഒറ്റക്കത്തിൽ പുറത്തായപ്പോൾ 23 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈൻ ഷാന്റോക്ക് മാത്രമെ ടോപ് ഓര്‍ഡറില്‍ രണ്ടക്കാനായുള്ളൂ.
ഒരുവേള, 9.5 ഓവറില്‍ നാലിന് 50 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായ ബംഗ്ലാദേശിന് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച തൗഹിദ് ഹൃദോയ് – മഹ്‌മദുള്ള സഖ്യം പ്രതീക്ഷ നൽകി. എന്നാൽ, 34 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 37 റണ്‍സെടുത്ത് കാലുറപ്പിച്ച ഹൃദോയിയെ 18-ാം ഓവറില്‍ മടക്കിയയച്ച് കാഗിസോ റബാദ ദക്ഷിണാഫ്രിക്കയ മത്സരത്തിലേക്ക് തിരികെ നടത്തി. 27 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത മഹ്‌മദുള്ള കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായതോടെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.