കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരത്ത് വെച്ച് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കീഴടങ്ങാൻ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടികളില്‍ വീഴ്ചയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യ നിരന്തരം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അറസ്റ്റ് വൈകിയതെന്നും കമ്മീഷണര്‍ പ്രതികരിച്ചു. പൊലീസ് റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം തള്ളിയതെന്നും കമ്മീഷണര്‍ പറഞ്ഞു. പി പി ദിവ്യയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് ഉടന്‍ നീങ്ങുമെന്നാണ് വിവരം.
പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകർപ്പിൽ പ്രൊസിക്യൂഷനെ കോടതി പരാമർശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു. ദിവ്യയെ കമ്മീഷണർ ഓഫീസിലേക്ക് ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിന് പിറകെ എടുത്ത കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് പരാതി. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്.
ദിവ്യയെ വൈദ്യപരിശോധനക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയിൽ യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പ്രവർത്തകരെ പൊലീസ് തടഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കും. നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകുമെന്നാണ് വിവരം.