തൃശൂര്‍: ഉപതെരഞ്ഞെടുപ്പുകൾ മുന്നിൽ വന്ന് നിൽക്കെ കൊടകരകുഴല്‍പ്പണ കേസിൽ
മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ബിജെപിക്ക് തിരിച്ചടിയായേക്കും.
കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ഉപതെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് പാലക്കാട് ഈ വിഷയം ചൂട് പിടിച്ച ചർച്ചയാവും.
പണം ചാക്കിൽ കെട്ടി കൊണ്ട് വന്നത് ധർമ്മരാജൻ എന്നൊരുവ്യക്തിയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ്ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത്. ധർമ്മരാജന് മുറി എടുത്ത് കൊടുത്തത് താൻ ആണെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തി. കൂടുതൽ കാര്യങ്ങൾ ഉടനെ പുറത്തു പറയുമെന്നും സതീഷ്.
ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസിൽ വെച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ജില്ലാ ഓഫീസിന്റെ നിർദ്ദേശപ്രകാരണമാണ് താൻ എല്ലാം ചെയ്തതെന്നും തിരൂര്‍ സതീഷ് ആരോപിച്ചു. മെറ്റിരീയൽസ് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ചാക്കുകള്‍ കയറ്റാനും മറ്റും താനാണ് സഹായിച്ചത്. പിന്നീടാണ് പണമാണെന്ന് അറിഞ്ഞത്. ഓഫീസിൽ ജനറല്‍ സെക്രട്ടറിമാര്‍ ഇരിക്കുന്ന മുറിയിലാണ് പണം വെച്ചിരുന്നത്. അതിന് കാവലിരിക്കലായിരുന്നു എന്‍റെ പ്രധാന പണി. പണമാണെന്ന് അറിഞ്ഞപ്പോള്‍ പേടി തോന്നി. പിന്നീട് മുറി പൂട്ടിയാണ് പണം സൂക്ഷിച്ചത്. ലോഡ്ജിൽ മുറിയെടുത്ത് കൊടുത്തശേഷം ധര്‍മരാജും മറ്റുള്ളവരും അങ്ങോട്ട്പോവുകയായിരുന്നു.
ഇതിനുശേഷം പിറ്റേ ദിവസമാണ് പണം കൊണ്ടുപോകുന്നതിനിടെ കവര്‍ച്ച ചെയ്യപ്പെട്ട സംഭവം അറിയുന്നതും കൊടകര കുഴല്‍പ്പണ കേസായതുമെന്നും തിരൂര്‍ സതീഷ് പറഞ്ഞു. അന്ന് ജില്ല ഓഫീസ് സെക്രട്ടറിയായിരുന്നതിനാൽ പൊലീസിന് ഇത്തരത്തിൽ മൊഴി നല്‍കിയിട്ടില്ല. ഇനി കേസ് വിചാരണക്ക് വരുമ്പോള്‍ യഥാര്‍ത്ഥ സംഭവം പറയണമെന്നുണ്ടായിരുന്നു. അതിന് മുമ്പ് മാധ്യമങ്ങളോട് ഇക്കാര്യം പറയാൻ തീരുമാനിക്കുകയായിരുന്നു.
വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതെന്നുംകോടതിയിൽ ഇക്കാര്യങ്ങളെല്ലാംപറയുമെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും തിരൂര്‍ സതീഷ് വ്യക്തമാക്കി. കൊടകര കുഴല്‍പ്പണ കേസ് നടക്കുമ്പോള്‍ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്.
കുഴൽപ്പണക്കേസ് ഉണ്ടായപ്പോൾ അതിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാർട്ടി പണമല്ലെന്നുമായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കം പറഞ്ഞിരുന്നത്. എന്നാൽ അന്നത്തെ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിലൂടെ വിഷയം വീണ്ടും വിവാദമവുകയാണ്.
.
2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40-നാണ് കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. സംഭവത്തിൽ കാർ ഡ്രൈവർ ഷംജീർ കൊടകര പോലീസിൽ പരാതിപ്പെടുകയും ചെയ്തു. കാർ തട്ടിക്കൊണ്ടുപോയെന്നും അതിൽ 25 ലക്ഷമുണ്ടെന്നുമായിരുന്നു പരാതി. കേസ് അന്വേഷിച്ച പ്രത്യേക സംഘം, ബി.ജെ.പി.യുടെ പണമായിരുന്നെന്നും മൂന്നരക്കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി.
തിരഞ്ഞെടുപ്പിനായി കർണാടകയിൽനിന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയ്ക്ക് നൽകാനാണ് കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കാണിച്ചിരുന്നു. 23 പേരെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ 19 നേതാക്കൾ സാക്ഷികളാണ്.
സംഭവത്തിൽ കേസെടുത്ത കേരള പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണം ഏറ്റെടുക്കണമെന്ന പോലീസിന്റെ ആവശ്യത്തോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രതികരിച്ചതുമില്ല