കോലഞ്ചേരി : യാക്കോബായ സുറിയാനി സഭയുടെ നാഥനായിരുന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് ഇന്നു വിശ്വാസി സമൂഹം വിടചൊല്ലും. കബറടക്കം ഇന്നു വൈകിട്ട് 4നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്,
പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിക്കും.
തോമസ് ബാവായുടെ പ്രവൃത്തി മണ്ഡലമായിരുന്ന കോതമംഗലത്തും ജന്മസ്ഥലവും സഭാ ആസ്ഥാനവുമായ പുത്തൻകുരിശിലേക്കുള്ള വിലാപയാത്രയിലും സ്നേഹാഞ്ജലിയർപ്പിക്കാൻ വൻജനപങ്കാളിത്തമായിരുന്നു. കോതമംഗലം മാർ തോമൻ ചെറിയ പള്ളിയിൽ കബറടക്ക ശുശ്രൂഷയുടെ ആദ്യ 2 ക്രമങ്ങൾ പൂർത്തീകരിച്ചിരുന്നു. മൂന്നാമത്തെ ക്രമം വലിയ പള്ളിയിലും നടന്നു. പുത്തൻകുരിശ് പാത്രിയർക്കീസ് സെന്ററിൽ എത്തിച്ച ശേഷം രാത്രി നാലും അഞ്ചും ക്രമങ്ങൾ നടന്നു. ഇന്നു രാവിലെ കുർബാനയ്ക്കു ശേഷം അടുത്ത 3 ക്രമങ്ങൾ നടക്കും. സമാപന ക്രമം വൈകിട്ട് 4ന്.