വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരരഞ്ഞെടുപ്പിൽ വിജയപഥത്തിലേക്ക് നീങ്ങി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. 247 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഇതിനകം ട്രംപ് നേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് 210 വോട്ടുകൾ മാത്രമെ നേടാനായുള്ളൂ. യു.എസിന്റെ പ്രസിഡന്റ് പദത്തിലെത്താൻ 270 വോട്ടുകളാണ് വേണ്ടത്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 23 സംസ്ഥാനങ്ങൾ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങൾ മാത്രമേ കമലയ്ക്കൊപ്പമുള്ളൂവെന്നുമാണ് വിവരം. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെൻസിൽവാനിയ, അരിസോണ, ജോർജിയ, മിഷിഗൺ, നെവാദ, നോർത്ത് കരോലിന, വിസ്കോൻസിൻ) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്. .
നെബ്രാസ്കയിൽ നിന്ന് ഡെബ് ഫിഷർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ യു.എസ്. പാർലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. സെനറ്റിൽ 51 സീറ്റുകൾ ലഭിച്ചതോടെ സഭയുടെ നിയന്ത്രണം നാലുകൊല്ലത്തിനിടെ ഇതാദ്യമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈകളിലായി. ഇതോടെ പ്രസിഡന്റിന്റെ കാബിനറ്റ്, സുപ്രീം കോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളിലെല്ലാം പാർട്ടിക്ക് നിർണ്ണായക അധികാരമാണ് കൈവന്നത്.