ന്യൂഡൽഹി : ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ലിപ്‌കാർട് എന്നിവയുടെ വിവിധ നഗരങ്ങളിലെ ഓഫീസുകളിൽ ഇഡി റെയ്ഡ്. ദില്ലി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിലായിരുന്നു പരിശോധന. ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അന്വേഷണ ഏജൻസി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. പരിശോധനക്ക് ശേഷമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആമസോണും ഫ്ലിപ്‌കാർട്ടും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുത്ത വിൽപ്പനക്കാരെ മുൻനിർത്തി മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. രാജ്യത്തെ വ്യാപാരി സമൂഹം ഇ-കൊമേഴ്സ് കമ്പനികൾക്കെതിരെ പലപ്പോഴായി രംഗത്ത് വന്നിരുന്നു. ഇ-കൊമേഴ്സ് കമ്പനികൾ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനെ എതിർത്താണ് റീടെയ്ൽ വ്യാപാരികൾ കേന്ദ്ര സർക്കാരിനടക്കം പരാതി നൽകിയത്.