കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.പി. ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ഇതോടെ 11 ദിവസത്തെ ജയിൽ ജീവിതത്തിൽ നിന്ന് ദിവ്യയ്ക്ക് മോചനമായി. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണം, ജില്ല വിടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുതെന്ന കോടതി നിര്‍ദ്ദേശവുമുണ്ട്. രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് ദിവ്യയുടെ അഭിഭാഷകൻ വിശ്വൻ.”കോടതിയിൽ വിശ്വാസമുണ്ടായിരുന്നു. വസ്തുതകൾ പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതീക്ഷിച്ച വിജയം തന്നെയാണുണ്ടായത്.” – വിശ്വൻ പറഞ്ഞു.
ജാമ്യം അനുവദിച്ചുവെന്ന് മാത്രമേ അറിയൂവെന്നും വിധി പകർപ്പ് ലഭിച്ചിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിൻ്റെ അഭിഭാഷക പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷക അറിയിച്ചു.