[ Photo Courtesy : X]
വാഷിങ്ടൻ : ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി വിവരം. ഖത്തറിന്റെ ഇപ്പോഴത്തെ നയം മാറ്റത്തിന് പിന്നിൽ യുഎസ് സമ്മർദമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പത്ത് ദിവസങ്ങൾക്ക് മുൻപ് യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്.
ദോഹയിൽ ഹമാസിന്റെ സാന്നിദ്ധ്യം ഇനി തുടരാനാവില്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. ഗാസയിൽ നീണ്ടുനിൽക്കുന്ന സംഘർഷത്തിനു അറുതി വരുത്താനുള്ള ചർച്ചകളിൽ യു എസിനും ഈജിപ്തിനുമൊപ്പം ഖത്തറും പങ്കാളിയായിരുന്നു. ഒക്‌ടോബർ മദ്ധ്യത്തിൽ നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ ഹമാസ് ഹ്രസ്വകാല വെടിനിർത്തൽ പദ്ധതി നിരസിക്കുകയും ചെയ്തിരുന്നു.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് യു എസ് നിലപാടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്ത് നൽകിയിരുന്നു.