2025 ൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ്. ക്ലബ്ബ് കോച്ച് കാർലോ ആൻസലോട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ടൂർണമെന്‍റില്‍ കളിക്കുന്നതിന് റയലിന് ഫിഫ നൽകുന്ന പ്രതിഫലത്തുക പോര എന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്പ്യൻ ചാമ്പ്യന്മാർ സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്.
”ടൂർണമെന്റിൽ മൊത്തം കളിച്ചാൽ റയലിന് ഫിഫ നൽകുക 20 മില്യൺ യൂറോയാണ്. റയലിന്റെ ഒരു കളിക്ക് മാത്രം ആ തുക കിട്ടും. മറ്റു ക്ലബ്ബുകളും ഫിഫയുടെ ക്ഷണം നിരസിക്കുമെന്നാണ് കരുതുന്നത്” – ആൻസലോട്ടി പറഞ്ഞു. ലോകത്തെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളില്‍ ഒന്നായ റയലിന്‍റെ അഭാവം ടൂര്‍ണമെന്‍റിന്‍റെ നിറംകെടുത്തുമെന്നതിനാല്‍ ഫിഫ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടുമെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ കരുതുന്നത്.
അടുത്ത വർഷം മുതൽ ക്ലബ്ബ് ലോകകപ്പ് പരിഷ്‌കരിച്ച രൂപത്തിലാണ് നടക്കുന്നത്. അഞ്ച് വൻകരകളിൽ നിന്നായി 35 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക. യുവേഫക്ക് കീഴിലെ 12 ടീമുകള്‍ കോണ്‍മബോളിന് കീഴിലെ ആറ് ടീമുകള്‍, കോണ്‍കകാഫ്, കാഫ്, എ.എഫ്.സി എന്നിവക്ക് കീഴില്‍ നിന്ന് നാല് വീതം ടീമുകള്‍, ഓഷ്യാനിയയുടെ ഒ.എഫ്.സി -യിൽ നിന്ന് ഒരു ടീം, ആതിഥേയ രാജ്യത്ത് നിന്ന് ഒരു ടീം എന്നിങ്ങനെയാണ് ടൂര്‍ണമെന്‍റിലെ ടീമുകളുടെ പങ്കാളിത്തം.