കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിക്കുന്ന സീപ്ലെയിൻ കൊച്ചി ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ പറന്നിറങ്ങി. ഉച്ചയ്ക്ക് 3.30ഓടെയാണ് ‘ഡിഹാവ്ലാൻഡ് കാനഡ’ എന്ന ജലവിമാനം കൊച്ചിയിൽ ‘ലാൻഡ്’ ചെയ്തത്. നവംബർ 11ന് തിങ്കളാഴ്ച നടക്കുന്ന പരീക്ഷണ പറക്കലിന് മുന്നോടിയായാണ് ജലവിമാനം കൊച്ചിയിലെത്തിയത്.
കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം ഇന്ധനം നിറയ്ക്കാനായി നെടുമ്പാശേരിയില്‍ എത്തിയപ്പോൾ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് സ്വീകരണം നൽകി.
ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രയിലും യാത്രാസമയത്തിലും വലിയ മാറ്റം കൊണ്ടുവരാൻ സീപ്ലെയിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർ ഡ്രോമുകൾ സജ്ജീകരിക്കാനാകും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങിയ ഇടങ്ങളും വാട്ടർഡ്രോമുകൾ സ്ഥാപിക്കാൻ പരിഗണനയിലുള്ളവയാണ്.
11 ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ട്രയൽ റൺ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഫ്‌ളാഗ് ഓഫിനുശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും.