എയർ ഇന്ത്യയിൽ നിന്നുണ്ടായ ദുരനുഭവത്തിൽ രൂക്ഷമായ വിമർശനവുമായി സ്വരാജ് ഇൻഡ്യ പാർട്ടി നേതാവായ യോഗേന്ദ്ര യാദവ്. നേപ്പാളിൽ നിന്നുള്ള യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം എക്സിലൂടെയാണ് യോഗേന്ദ്ര യാദവ് പുറംലോകവുമായി പങ്കുവെച്ചത്. നാല് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടതെന്നും ബുക്ക് ചെയ്ത ക്ലാസിൽ സീറ്റ് ലഭിച്ചില്ലെന്നും യോഗേന്ദ്ര യാദവ് ആരോപിച്ചു.
മുന്നറിയിപ്പില്ലാതെ ക്ലാസ് താഴ്ത്തുകയാണ് ഉണ്ടായത്. ഇതിന് റീഫണ്ട് നൽകിയില്ലെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി. ഇതിനൊപ്പം വെബ് ചെക്ക്-ഇൻ ചെയ്യാൻ സാധിച്ചില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. പരാതി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ പരാതി ബുക്ക് ഇല്ലെന്നാണ് എയർ ഇന്ത്യ അധികൃതർ പറഞ്ഞതെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.
ഗേറ്റ് ഏതാണെന്ന് പറയുന്നതിലെ പ്രശ്നമോ ക്യു നിയന്ത്രിക്കുന്നതിലെ പ്രശ്നങ്ങളോ ഒന്നുമല്ല തന്റെ വിഷയം എന്ന് എടുത്തു പറയുന്ന യോഗേന്ദ്ര യാദവ്, സീറ്റ് നൽകുന്നതിലും വെബ് ചെക്ക്-ഇൻ ചെയ്യുന്നതിലുമടക്കം എയർ ഇന്ത്യയിൽ നിന്ന് നേരിട്ട ദുരനുഭവത്തിലാണ് തനിക്ക് പരാതിയുള്ളതെന്ന് വെളിപ്പെടുത്തുന്നു. വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നും യോഗേന്ദ്ര യാദവ് ആരോപിക്കുന്നു.
നിമിഷനേരം കൊണ്ട് യോഗേന്ദ്ര യാദവിന്റെ എക്സിലെ പോസ്റ്റ് വൈറലായതോടെ മാപ്പപേക്ഷയുമായി എയർ ഇന്ത്യ രംഗത്തെത്തി. താങ്ങൾക്കുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമ പറഞ്ഞും പ്രശ്നത്തിൽ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയുമാണ് എയർ ഇന്ത്യയുടെ രംഗപ്രവേശം.