തിരുവനതപുരം : 140 കിലോമീറ്റർ കടന്നുള്ള യാത്ര കെഎസ്ആർടിസിക്ക് മാത്രമാക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും വ്യക്തമാക്കി മന്ത്രി ഗണേഷ് കുമാർ. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ചില സാങ്കേതിക കാരണങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഡിവിഷൻ ബെഞ്ചിലേക്ക് അടിയന്തരമായി അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. മുതിർന്ന അഭിഭാഷകരെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തും.
കേസിൽ എടുത്ത നിലപാടിൽ നിന്ന് പിറകിലേക്ക് പോകില്ല. ആരോടും ഒത്തുകളിക്കുന്ന നിലപാടൊന്നും ഈ സർക്കാരിനില്ല. പ്രത്യേകിച്ച് എന്റെ സ്വഭാവം നിങ്ങൾക്കറിയാം ഞാൻ അങ്ങനെ ഒത്തുകളിക്ക് നിൽക്കുന്ന ആളല്ല. ടേക്ക് ഓവർ സർവ്വീസുകൾ ഓടിക്കാൻ വേണ്ടി കെഎസ്ആർടിസി ഇരുന്നൂറോളം ബ്രാൻഡ് ന്യൂ വെഹിക്കിളിന് ടെൻഡർ വിളിച്ചിരിക്കുകയാണ്. അതിനായി 92 കോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. വണ്ടിയുടെ സ്പെസിഫിക്കേഷനെല്ലാം പരിശോധിച്ചു, ട്രയൽ റൺ നടത്തി, ധനകാര്യവകുപ്പിൽ നിന്നും ഫണ്ട് വരുന്നതിന് അനുസരിച്ച് വണ്ടിയുടെ വരവ് തുടങ്ങും. അതുകൊണ്ട് കേസിൽ നിന്ന് പുറകോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.