കൊച്ചി : ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണ്ണായക വഴിത്തിരിവായി ഫോറൻസിക് റിപ്പോർട്ട്. പരിശോധനയിൽ ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് എൻഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകാൻ കൊച്ചി പോലീസിന് നിർദ്ദേശം ലഭിച്ചു.
ഹോട്ടലിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത് കൊക്കെയ്നെന്ന് സ്ഥിരീകരിച്ചാണ് ഫൊറൻസിക് റിപ്പോർട്ട്. ഇതോടെ ഹോട്ടലിൽ അന്നു നടന്നത് ലഹരി പാർട്ടി തന്നെയെന്ന് പൊലീസിന് ഉറപ്പിക്കാനായി. പുതിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കൊച്ചിയിലെ മരട് കുണ്ടന്നൂരിലുള്ള ഹോട്ടലിൽ ലഹരി പാർട്ടി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത്.
സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ലഹരിപാർട്ടി നടന്ന മുറിയിലേക്ക് എത്തിയിരുന്നുവെന്ന പൊലീസ് കണ്ടെത്തൽ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. തുടർന്ന് കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നുമുള്ള ഇരുവരും മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ രണ്ടു പേർക്കും ലഹരി കേസിൽ ബന്ധമില്ലെന്ന് കണ്ടെത്തി പൊലീസ് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.