(Photo Courtesy : Facebook )
താൻ വ്യാജ വോട്ടർ അല്ലെന്നും 916 വോട്ടറാണെന്നും ഡോ പി സരിന്റെ ഭാര്യ സൗമ്യ സരിൻ. വ്യാജ വോട്ട് ചേർത്തു, കള്ളി എന്ന പേരിൽ പ്രതിപക്ഷ നേതാവ് അടക്കം പറഞ്ഞു. ഇത് വളരെ മോശമാണെന്നും ഇതൊക്കെ കേട്ട് മിണ്ടാതിരിക്കേണ്ട ഗതികേട് ഇല്ലെന്നും
വ്യാജവോട്ട് ആരോപണത്തിൽ പ്രതികരിച്ച് സൗമ്യ. പാലക്കാട്ടെ വോട്ടറാണെന്നതില്‍ 100 ശതമാനം അഭിമാനമുണ്ടെന്ന് സൗമ്യ പറഞ്ഞു.
‘ഒരിക്കലും ഒരു സ്ഥാനാര്‍ത്ഥിയുടെ ഭാര്യയായോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകയായോ കാണേണ്ടതില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തകയല്ല, പ്രചാരകയുമല്ല. ഡോ. സൗമ്യസരിന്‍ എന്ന തന്റെ വ്യക്തിത്വത്തില്‍ മാത്രം തന്നെ കണ്ടാല്‍ മതി. രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, അതില്‍ പുലര്‍ത്തേണ്ട മിനിമം മാന്യതയുണ്ട്. ഒരു അടിസ്ഥാനവുമില്ലാതെ ഇതിലൊന്നും ഇടപെടാത്ത ആളുകള വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു. മാധ്യമങ്ങളുടെ മുന്നില്‍ തങ്ങളെ വ്യാജന്മാര്‍ എന്ന് പറയുന്നത് കൈയും കെട്ടി കേട്ടിരിക്കാന്‍ ആത്മാഭിമാനമുള്ള ഒരു സ്ത്രീക്ക് സാധിക്കില്ല’, സൗമ്യ സരിൻ പറഞ്ഞു.
‘പാലക്കാട് ജനിച്ചുവളര്‍ന്ന ആളാണ്. സമാധാനമായി ജീവിക്കാന്‍ പാലക്കാട് വീടും സ്ഥലവും വേണമെന്ന് എന്നും സ്വപ്‌നം കണ്ടിരുന്നു. വലിയൊരു തുക ലോണെടുത്താണ് വീട് വാങ്ങിയത്. അതിന്റെ ലോണ്‍ അടച്ചു തീര്‍ന്നിട്ട് വളരെ കുറച്ച് മാസങ്ങളെ ആയിട്ടുള്ളൂ. 2018 വാങ്ങിയ വീടാണ്. ഇവിടെ ഞങ്ങള്‍ താമസിച്ചിട്ടുണ്ട്. ഷാര്‍ജയിലേക്ക് ജോലി മാറുന്നതിന് മുമ്പ് വരെ നെന്മാറയിലാണ് ജോലി ചെയ്തിരുന്നത്. ആ സമയത്ത് വീടിന്റെ മുകള്‍നിലയില്‍ താമസിച്ചിട്ടുണ്ട്- സൗമ്യ സരിന്‍ കൂട്ടിച്ചേര്‍ത്തു.
താഴെത്തെ നില വാടകയ്ക്ക് കൊടുത്തതിന്റെ എഗ്രിമെന്റും വീടിന്റെ ആധാരമുള്‍പ്പെടെയുള്ള രേഖകളും അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിച്ചു. പാലക്കാട്ടെ സ്വന്തം വീടിന്റെ വിലാസമാണ് വോട്ടര്‍ ഐഡിയില്‍ ചേര്‍ത്തിരിക്കുന്നത്. എവിടെ വോട്ട് ചെയ്യണമെന്ന് താനല്ലേ തീരുമാനിക്കുന്നതെന്നും ഏഴ് വര്‍ഷമായി വീടുള്ള സ്ഥലത്ത്, പകുതിയിലധികം സമയം താമസിക്കുന്ന സ്ഥലത്ത് വോട്ട് ചെയ്യരുതെന്ന് പറയുന്ന നിയമം ഏതാണെന്നും സരിന്‍ ചോദിച്ചു. താന്‍ ഇവിടെ വോട്ട് ചെയ്യരുതെന്ന് നിര്‍ബന്ധം ആര്‍ക്കാണ്? കോണ്‍ഗ്രസും ബിജെപിയും ചേര്‍ത്തത് വ്യാജവോട്ടര്‍മാര്‍ തന്നെയാണെന്നാണ് സിപിഎം പറയുന്നതെന്നും പാലക്കാട് മാധ്യമങ്ങളെ കണ്ട സരിന്‍ പറഞ്ഞു.