(Photo Courtesy : Mohmud Hams / AFP – X )
ബൈറൂത്: ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷത്തിന് പരിഹാരമുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് പ്രതീക്ഷയുടെ ഇത്തിരി വെട്ടം തെളിയിച്ചൊരു പ്രതികരണം ലെബനനിൽ നിന്ന് വന്നു. യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന ലബനാൻ പാർലമെന്റ് സ്പീക്കർ നബീഹ് ബെറി അറിയിപ്പാണ് പുതിയ പ്രതീക്ഷകൾക്ക വഴി മരുന്നാകുന്നത്.
യു.എസ് നയതന്ത്ര പ്രതിനിധി ലിസ ജോൺസൺ കൈമാറിയ വെടിനിർത്തൽ നിർദ്ദേശത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ലെങ്കിലും ലബനാന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ബെറി ആവർത്തിക്കുന്നുണ്ട്. ഇസ്രായേൽ സൈന്യത്തിന് ലബനാനിൽ ഏതെങ്കിലും രീതിയിലുള്ള സഞ്ചാര സ്വാതന്ത്ര്യം നൽകാനുള്ള ഒരു നിർദേശവും അംഗീകരിക്കാൻ കഴിയില്ല. ചർച്ച ചെയ്യാനും കഴിയാത്തതാണ്. അത്തരം ഒരു വ്യവസ്ഥയും യു.എസ് നിർദേശത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി
നാറ്റോ അല്ലെങ്കിൽ മറ്റേതെങ്കിലും വിദേശ സൈന്യത്തെ ലബനാനിൽ വിന്യസിക്കുമെന്ന അവകാശവാദങ്ങളും അദ്ദേഹം തള്ളി. ഒരു ബദൽ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ലബനാൻ അതുമായി മുന്നോട്ടുപോകില്ല. നിലവിലുള്ള സംവിധാനം പ്രവർത്തനക്ഷമമാക്കുകയാണ് ചെയ്യേണ്ടതെന്നും ബെറി ചൂണ്ടിക്കാട്ടി.