വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതും അഖിലേന്ത്യാ അടിസ്ഥാനത്തിൽ വൻ തിരിമറികൾക്ക് സാദ്ധ്യതയുള്ളതുമായ നീറ്റ് പരീക്ഷ സമ്പ്രദായം നിരോധിക്കണമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ ആവശ്യപ്പെട്ടു.
പ്രാദേശിക തലത്തിലെ അസന്തുലിതാവസ്ഥ പരിഹരിച്ച് ഗ്രാമ -നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരം നൽകാനുതകുന്ന സംവിധാനം കേന്ദ്രസർക്കാർ ഒരുക്കണം. തുടർച്ചയായി മൂന്നു തവണ നീറ്റ് പരീക്ഷ എഴുതിയാണ് പല വിദ്യാർത്ഥികളും മികച്ച വിജയം കൈവരിക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ ഇത് സമ്പന്നർക്ക് മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. പാവപ്പെട്ട, പിന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.