കൊച്ചി : രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ ഭീഷണിയുയർത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി അമേരിക്കൻ കമ്പനി തിരുവനന്തപുരം ഉൾപ്പെടെ 54 ഇന്ത്യൻ നഗരങ്ങളിൽ ‘ഗ്രീൻവേവ് 12’ എന്ന പേരിൽ നടത്തിയ സംശയകരമായ സർവ്വേയെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. 2010 – ൽ നടന്ന സർവ്വേയിൽ കേരള പോലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന് വിലിയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
വാഷിങ്ടൺ ഡി.സി.യിൽ പ്രവർത്തിക്കുന്ന പ്രിൻസ്റ്റൺ സർവ്വേ റിസർച്ച് അസോസിയേറ്റ്‌സ് (പി.എസ്.ആർ.എ.) എന്ന സ്ഥാപനത്തിനായി ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ടെയ്‌ലർ നെൽസൺ സോഫ്രെസ് (ടി.എൻ.എസ്.) ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് സർവ്വേ നടത്തിയത്. 2010 ഒക്ടോബർ രണ്ടിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്സ് നഗറിൽ നടത്തിയ സർവ്വേ ക്രമസമാധനപ്രശ്നത്തിന് കാരണമായിരുന്നു.
ചോദ്യങ്ങൾ മുസ്‌ലിം മതവിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്നു കണ്ടെത്തി ടി.എൻ.എസ്. കമ്പനിയുടെയും ഡയറക്ടർ പ്രദീപ് സക്സേനയുടെയുംപേരിൽ ഫോർട്ട് പോലീസ് കേസെടുത്തു. ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീം (ഐ.എസ്.ഐ.ടി.) തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രാജ്യത്തിന്റെ മതസൗഹാർദത്തെയടക്കം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർവ്വേ എന്നായിരുന്നു കണ്ടെത്തൽ.
ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.എൻ.എസും ഡയറക്ടറുമാണ് ഹർജി നൽകിയത്. വിഷയം കേന്ദ്രസർക്കാർ പരിശോധിക്കേണ്ടതുള്ളതിനാൽ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഇസ്‌ലാം നേരിടുന്ന വെല്ലുവിളിയെന്ത്, ഇസ്‌ലാം മതവിശ്വാസത്തെ സംരക്ഷിക്കുന്നതിനായി ബോംബ് സ്‌ഫോടനമടക്കം നടത്തുന്നതിനെ ന്യായീകരിക്കുന്നുണ്ടോ, നല്ല മുസ്‌ലിം ആയിരിക്കുന്നതിന്റെ പ്രാധാന്യം എന്ത് തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങൾ മതവിശ്വസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു വിദേശസ്ഥാപനത്തിന് സർവ്വേ നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതിവേണം. ഇവിടെ അത്തരമൊരു അനുമതിയില്ലായിരുന്നു. കേന്ദ്രസർക്കാർ ഉചിതമായ നടപടി സ്വീകരിക്കണം – കോടതി ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി റിപ്പോർട്ട് കേന്ദ്രസർക്കാരിനു നൽകാൻ പോലീസിനും നിർദ്ദേശം നൽകി.