ന്യൂഡൽഹി : ഇന്ത്യ-പാക് സമുദ്രാതിർത്തിയിൽ പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി
ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി)
ഞായറാഴ്ചയാണ് രക്ഷാദൗത്യം നടന്നത്. ഉച്ചയ്ക്ക് ശേഷം മത്സ്യബന്ധന നിരോധന മേഖലയ്ക്ക് (NFZ) സമീപം ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡിന് അപകട സിഗ്നൽ ലഭിച്ചതായി ഐസിജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “ഏകദേശം 3:30ന് , പട്രോളിംഗ് നടത്തുന്ന ഒരു കോസ്റ്റ് ഗാർഡ് കപ്പലിന് NFZ ന് സമീപം പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് ഒരു അപകട സിഗ്നൽ ലഭിച്ചു. മറ്റൊരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ കാൽഭൈരവ് പിഎംഎസ്എ കപ്പൽ തടഞ്ഞുവെന്നും അതിൽ ഉണ്ടായിരുന്ന ഏഴ് ഇന്ത്യൻ ജീവനക്കാരെ പിടികൂടിയതായുമായിരുന്നു വിവരം’’. പിഎംഎസ്എ കപ്പൽ മത്സ്യത്തൊഴിലാളികളുമായി പോകാൻ ശ്രമിച്ചെങ്കിലും, ഐസിജി അത് തടയുകയും മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ പിഎംഎസ്എയെ സമ്മർദം ചെലുത്തുകയുമായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
സംഭവത്തിനിടയിൽ പിടിക്കപ്പെട്ട മത്സ്യതൊഴിലാളികൾ സഞ്ചരിച്ചിരുന്ന ‘കാലഭൈരവ്’ ബോട്ട് കേടാകുകയും മുങ്ങുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. രക്ഷപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഐസിജി പ്രസ്താവനയിൽ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കപ്പൽ പാക് കപ്പലിനെ പിന്തുടരുന്നതിൻ്റെ വീഡിയോയും ഐസിജി പങ്കുവെച്ചിട്ടുണ്ട്
രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുമായി നവംബർ 18 ന് ഐസിജി കപ്പൽ ഓഖ ഹാർബറിലേക്ക് മടങ്ങി. പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ കപ്പലുമായി മത്സ്യത്തൊഴിലാളികളുടെ ബോട്ട് കൂട്ടിയിടിയിലേക്ക് നയിച്ച സാഹചര്യങ്ങളും തുടർന്നുള്ള രക്ഷാപ്രവർത്തനവും അന്വേഷിക്കാൻ ഐസിജിയും സംസ്ഥാന പോലീസും രഹസ്യാന്വേഷണ ഏജൻസികളും ഉൾപ്പെട്ട സംയുക്ത അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്.
https://twitter.com/IndiaCoastGuard/status/1858526553438830829?t=242Z1FzZ7kIjjBVgEAeY7w&s=19