ചെന്നൈ: എം.എസ്. സുബ്ബലക്ഷ്മി സംഗീത കലാനിധി പുരസ്‌കാരം സംഗീതജ്ഞനായ ടിഎം കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. സുബ്ബലക്ഷ്മിയുടെ പേരില്ലാതെ പുരസ്‌കാരം നല്‍കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ജി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള ഹൈക്കോടതി ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എം.എസ്. സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പുരസ്‌കാരം നല്‍കുന്നത് സുബ്ബലക്ഷ്മിയുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നാണ് ഇദ്ദേഹത്തിന്റെ ഹര്‍ജിയില്‍ പറയുന്നത്. ടിഎം കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരെ സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യവുമായി മദ്രാസ് മ്യൂസിക് അക്കാദമിയും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളി.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്‌കാരം ടിഎം കൃഷ്ണയ്ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരേ സുബ്ബലക്ഷ്മിയുടെ പേരക്കുട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സംഗീത കലാനിധി എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കുന്നതില്‍ നിന്ന് ചെന്നൈയിലെ സംഗീത അക്കാദമിയെ തടയണമെന്നാവശ്യപ്പെട്ടാണ് സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ വി. ശ്രീനിവാസന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2005ല്‍ സുബ്ബലക്ഷ്മിയുടെ പേരില്‍ സ്ഥാപിച്ച ഈ അവാര്‍ഡ് ഒരു പത്രസ്ഥാപനമാണ് വര്‍ഷം തോറും നല്‍കി വരുന്നത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. സംഗീത അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ലഭിക്കുന്ന വ്യക്തിക്കാണ് അതാതു വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നല്‍കുന്നത്. ഡിസംബറില്‍ സംഗീത അക്കാദമി ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം സമ്മാനിച്ചിരുന്നു. ദൈവഭക്തിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പുരസ്‌കാരം നിരീശ്വരവാദിക്കു നല്‍കുന്നുവെന്ന് ആരോപിച്ചാണ് ബംഗളൂരുവില്‍ താമസിക്കുന്ന ശ്രീനിവാസന്‍ കോടതിയെ സമീപിച്ചത്
സുബ്ബലക്ഷ്മിക്കെതിരെ ടിഎം കൃഷ്ണ നീചവും നിന്ദ്യവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു ലേഖനത്തില്‍ സുബ്ബലക്ഷ്മിയെ ടിഎം കൃഷ്ണ ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ്’ എന്ന് വിശേഷിപ്പിച്ചതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. മറ്റൊരു അവസരത്തില്‍ സുബ്ബലക്ഷ്മിയെ കൃഷ്ണ ‘സന്യാസിയായ ബാര്‍ബി ഡോള്‍’ എന്ന് വിശേഷിപ്പിച്ചതായും ചൂണ്ടിക്കാട്ടി. കൃഷ്ണയുടെ ഇത്തരം പരാമര്‍ശങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്റെ പേരില്‍ ട്രസ്റ്റോ സ്ഥാപനങ്ങളോ സ്മാരകങ്ങളോ സ്ഥാപിക്കുന്നതിനെ സുബ്ബലക്ഷ്മി വിലക്കിയിരുന്നുവെന്നും ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു.
ഈ വര്‍ഷം ആദ്യം സംഗീത അക്കാദമിയുടെ 98ാമത് വാര്‍ഷിക സമ്മേളനത്തില്‍ ടിഎം കൃഷ്ണയെ അദ്ധ്യക്ഷനാക്കുകയും സംഗീത കലാനിധിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചില സംഗീതജ്ഞര്‍ അവരുടെ സംഗീത കലാനിധി പദവികള്‍ തിരികെ നല്‍കിയ സംഭവവും ഉണ്ടായിട്ടുണ്ട്.