മൂവാറ്റുപുഴ: 2016 – ൽ മേക്കടമ്പിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തളർന്നുപോയ കുട്ടിക്ക് 2.16 കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് ഹൈകോടതി.
ഐരാപുരം കാരിക്കൽ വീട്ടിൽ ജ്യോതിസ് രാജ് കൃഷ്ണക്കാണ് പലിശ ഉൾപ്പെടെ 2.16 കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകാൻ ജസ്റ്റിസ് എസ്. ഈശ്വരൻ ഉത്തരവിട്ടത്. 2016 ഡിസംബർ മൂന്നിന് രാത്രിയാണ് മേക്കടമ്പിൽ പഞ്ചായത്തിനുസമീപം അപകടം ഉണ്ടായത്.
മേക്കടമ്പ് ആനകുത്തിയിൽ പരമേശ്വരന്‍റെ ഭാര്യ രാധ(60), രജിത (30), നിവേദിത (ആറ്) എന്നിവർ അപകടത്തിൽ മരിച്ചു. രാധയുടെ മകൾ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ് അമ്പാടി, ശ്രേയ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ജ്യോതിസ് രാജ് പൂർണ്ണമായി തളർന്ന് കിടപ്പിലാണ്.
ജ്യോതിസ് രാജിന് വേണ്ടി പിതാവ് രാജേഷ് കുമാറാണ് കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ എം.എ.സി.ടി കോടതി 2020 ജൂലൈയിൽ 44.94 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടിരുന്നു. ഇതാണ് ഹൈക്കോടതി പലിശ ഉൾപ്പെടെ 2.16 കോടി രൂപയാക്കി വർദ്ധിപ്പിച്ചത്.