തിരുവനന്തപുരം : പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയും വയനാട് ലോകസഭാമണ്ഡലത്തിലേയും ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫല സൂചനകളിൽ ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയും മുന്നിലാണ്.
ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളുമാണ് എണ്ണിത്തുടങ്ങിയത്. വയനാട്ടിൽ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്.
പാലക്കാട് ഇവിഎം എണ്ണിത്തുടങ്ങിയതോടെയാണ് കൃഷ്ണകുമാറിനെ പിന്നിലാക്കി രാഹുൽ മുന്നേറിയത്. ചേലക്കരയിൽ ആദ്യം നിലനിർത്തിയ ലീഡ് ഉയർത്തി യു ആർ പ്രദീപ് ആധിപത്യം ഉറപ്പിക്കുകയാണ്.
മൂന്ന് മുന്നണികൾക്കും പാലക്കാട് നിര്‍ണായകമാണ്. ഷാഫി പറമ്പിൽ രാജിവെച്ച് വടകര ലോകസഭാമണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചതിൽ പിന്നെ ഏറെ ചർച്ചയായ മണ്ഡലമാണ് പാലക്കാട്. അത് നിലനിര്‍ത്തേണ്ടത് യുഡിഎഫിന് അനിവാര്യമാണ്.
കോൺഗ്രസ് വിട്ട ഡോ പി സരിന് തന്‍റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്നും തെളിയിക്കണം.
മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പാണ് എല്‍ഡിഎഫും സിപിഎമ്മും ലക്ഷ്യംവയ്ക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ.