മുംബൈ: പ്രവചനങ്ങളെ കാറ്റിൽ പറത്തി ജാർഖണ്ഡിൽ ലീഡ് നില ഉയർത്തി വമ്പൻ മുന്നേറ്റവുമായി ഇന്ത്യ മുന്നണി. ഏറ്റവും ഒടുവിലെ ലീഡ് നിലയിൽ ഇന്ത്യാ സഖ്യം 51 ഇടത്ത് മുന്നേറ്റം കാഴ്ചവെക്കുമ്പോൾ എൻഡിഎ 28 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വരുമ്പോൾ നേരെ തിരിച്ചാണ് കാര്യങ്ങൾ. 288 സീറ്റുകളിൽ 218 ഇടത്ത് മഹായുതി സഖ്യമാണ് മുന്നിൽ. കേവല ഭൂരിപക്ഷത്തിലേക്കാണ് നീക്കം. ഇന്ത്യാ മുന്നണി 59 സീറ്റുകളിലാണ് ലീഡ്.
മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിൻ്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ പിന്നിലായി. 288 സീറ്റുകളാണ് സംസ്ഥാനത്ത്. മഹാരാഷ്ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാർട്ടികളുടേയും നിലനിൽപ്.