[ Photo Courtesy : Facebook ]
ബ്രാംപ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും കനഡയിൽ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിനെ ഒടുവിൽ തള്ളിപ്പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ക്രിമിനലുകളാണെന്ന് ട്രൂഡോ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും കനഡയിൽ നടന്ന അക്രമങ്ങളുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കാനഡ വ്യാഴാഴ്ച അറിയിച്ചതിന് പിന്നാലെയാണ് ട്രൂഡോയും നിലപാട് മാറ്റിയത്.
വ്യാജ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെയും തള്ളിപ്പറഞ്ഞ ട്രൂഡോ ഇത്തരം നടപടികൾ ഗുരുതരമായ തെറ്റാണെന്നും തുറന്നു പറഞ്ഞു. ബ്രസീലിൽ വച്ച് നടന്ന ജി20 ഉച്ചകോടിയിൽ നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും പരസ്പരം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ റിപ്പോർട്ട് വിവാദത്തിൽ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് ട്രൂഡോ രംഗത്തെത്തിയത്. വെള്ളിയാഴ്ച ബ്രാംപ്ടണിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു ട്രൂഡോ തെറ്റുകൾ ഏറ്റു പറഞ്ഞത്.
കനഡയിൽ നടന്ന ആക്രമണങ്ങളിലെ ഗൂഢാലോചനയെ കുറിച്ച് പ്രധാനമന്ത്രി മോദിക്ക് അറിയാമെന്ന് കനേഡിയൻ സുരക്ഷാ ഏജൻസികൾ വിശ്വസിക്കുന്നുവെന്നും ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ച് ഗ്ലോബ് ആൻഡ് മെയിൽ പത്രം കഴിഞ്ഞ ആഴ്ച ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്രവാർത്തയിലെ വിവരങ്ങൾ നിഷേധിച്ച് കാനഡ പ്രസ്താവനയുമായി രംഗത്ത് വന്നത്.