ന്യൂഡൽഹി : കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ നടി മാല പാർവ്വതി സുപ്രീം കോടതിയിൽ. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍, സംഭവവുമായി ബന്ധമില്ലാത്തവരെ പോലും പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നു. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ഹർജിയിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നിർമ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയ ഒരു അതിജീവിതയുടെ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി.വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേ സമയം, മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യുസിസി രംഗത്തെത്തി. സുപ്രീം കോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹർജിയിൽ കക്ഷി ചേരാൻ സംഘടന അപേക്ഷ നൽകി.
ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു നടി മാലാ പാർവതിയുടെ ഇത് സംബന്ധിച്ചുള്ള പ്രതികരണം. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമ്മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. എസ്ഐടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാർവ്വതി വ്യക്തമാക്കി.