(Photo Courtesy : Sun News/X)
ചെന്നൈ : ഫെഞ്ചൽ ചുഴലിക്കാറ്റിനും തുടർന്നുണ്ടായ അതിതീവ്രമഴക്കും പിറകെ
തമിഴ്നാട് തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ ഭീഷണി. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പാറക്കഷ്ണങ്ങളും മണ്ണും വീണാണ് വീടുകൾക്ക് കേടുപാട് പറ്റിയത്. മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി. കുട്ടികൾ അടക്കം ഏഴ് പേരെ കാണാതായതായി നാട്ടുകാർ പറയുന്നു.
കനത്ത മഴയ്ക്ക് പിന്നാലെ വൈകീട്ടാണ് ഉരുൾപ്പൊട്ടലുണ്ടായത്. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ചു. രാത്രിയായതിനാൽ രക്ഷാ പ്രവർത്തനം നിർത്തിവെച്ചു. തിണ്ടിവനത്തിൽ നിന്നുള്ള എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി തിരുവണ്ണാമലൈക്ക് തിരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വിഴുപ്പുറത്ത് പെട്രോളിൽ വെളളം കലർന്നെന്ന പരാതിയെ തുടർന്ന് അടച്ചിട്ട പമ്പുകളിൽ ഇന്ന് പരിശോധന നടത്തും. പുതുച്ചേരിയിൽ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം രക്ഷാദൌത്യം ഇന്നും തുടരും.