കണ്ണൂർ : വളപട്ടണം മന്നയിൽ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറ് പവൻ ആഭരണങ്ങളും കവർന്ന സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ. അഷ്റഫുമായി അടുത്ത ബന്ധം പുലർത്തുന്ന ലിജീഷിനെയാണ് ഇന്നലെ വൈകിട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്ത് വരുന്നു. വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷ്റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവർന്നത്. ഒരാൾ മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. റൂറൽ എസ്‌പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസിപി ടി.കെ.രത്നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.