കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ പ്രാഥമിക ചർച്ച പൂർത്തിയായി. ചർച്ച പോസിറ്റീവായിരുന്നെന്ന് കെ-റെയിൽ എം.ഡി. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായാണ് കെ റെയിൽ എം.ഡി. അജിത് കുമാർ ചർച്ച നടത്തിയത്.
നാൽപ്പത്തിയഞ്ച് മിനിറ്റ് നീണ്ടുനിന്ന ചർച്ച പ്രാഥമിക വിലയിരുത്തൽ മാത്രമായിരുന്നു. തുടർന്നും സിൽവർ ലൈൻ പദ്ധതിയിൽ കൂടുതൽ ചർച്ചകൾക്ക് ഇത് വഴിവെച്ചേക്കുമെന്ന പ്രതീക്ഷയാണ് എംഡി വെച്ച് പുലർത്തുന്നത്. റെയിൽവേ മുന്നോട്ടുവെച്ചിരിക്കുന്ന ഡി.പി.ആറുമായി ബന്ധപ്പെട്ട് തുടർചർച്ചകൾക്ക്, നിലപാടിൽ മാറ്റം വരുത്തി കെ റെയിലും തയ്യാറെടുക്കുന്നെന്നാണ് സൂചന.
വന്ദേഭാരതും മറ്റ് വേഗമേറിയ ട്രെയിനുകളും ഓടിക്കാവുന്ന ബ്രോഡ്ഗേജ് പാത വേണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ഉൾക്കൊണ്ട് ഡി.പി.ആറിൽ മാറ്റം വരുത്തിയേക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ സിൽവർലൈൻ ട്രെയിനുകൾ മാത്രം ഓടുന്ന സ്റ്റാൻഡേർഡ് ഗേജാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിരുന്നത്. നിലവിലുള്ള ഡി.പി.ആർ. മാറ്റി റെയിൽവേ നിർദ്ദേശിക്കുന്നതുപോലെ ബ്രോഡ്ഗേജ് ആക്കുമ്പോൾ സിൽവർ ലൈൻ മുന്നോട്ടു വെച്ച ആശയത്തിൽ അത് ഏറെ അകലും.