പാക്കിസ്ഥാൻ്റെ ഒരവസ്ഥ നോക്കണേ,
നാസ കൗണ്ടി സ്റ്റേഡിയത്തിൽ നിന്ന് ആശ്വാസം തേടി ഫ്ലോറിഡയിലെത്തിയതാണ്. ആശങ്ക തന്നെ ഇവിടേയും ഫലം.
ഫ്ലോറിഡയിൽ കനത്ത മഴയാണ്. ഒപ്പം പ്രളയവും. ട്വന്‍റി20 ലോകകപ്പ് മത്സരങ്ങൾക്ക് ഭീഷണിയാകും എന്നാണ് വിവരം. ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലെ ബാക്കിയുള്ള മൂന്നു മത്സരങ്ങളും നടക്കുന്നത് ഫ്ലോറിഡയിലെ സെൻട്രൽ റീജനൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിലാണ്.
ഇന്ത്യ മാത്രമാണ് എ ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ടിലേക്ക് യോഗ്യത ഉറപ്പിച്ച ഏക ടീം. രണ്ടാമത്തെ ടീമിനെ തീരുമാനിക്കുന്നതിൽ ഗ്രൂപ്പിലെ ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണ്. പാക്കിസ്ഥാൻ, യു.എസ്.എ ടീമുകളിലൊന്നിനാണ് സാദ്ധ്യതയുള്ളത്. ഇന്ന് (ശനി) യു.എസ്.എ അയർലൻഡിനെയും 15ന് ഇന്ത്യ കാനഡയെയും 16ന് പാക്കിസ്ഥാൻ അയർലൻഡിനെയുമാണ് നേരിടുന്നത്. മിന്നൽ പ്രളയത്തെ തുടർന്ന് ഈ മൂന്നു മത്സരങ്ങളും നടക്കാനുള്ള സാദ്ധ്യതയും കുറവാണ്.
അടുത്ത മത്സരത്തിൽ യു.എസ്.എ ജയിച്ചാൽ, അവർക്കത് സൂപ്പർ 8 ലേക്കുള്ള വഴിയൊരുക്കും; പാക്കിസ്ഥാന് പുറത്തേക്കും. പ്രഥമ ടൂർണമെന്‍റിൽ തന്നെ യുഎസ്എ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയാൽ ചരിത്ര നേട്ടമാകും. പാക്കിസ്ഥാന് അയർലൻഡുമായുള്ള മത്സരം ജയിച്ചിട്ടും പിന്നെ കാര്യമില്ല.
യുഎസ്എ-അയർലൻഡ് മത്സരം നടന്നില്ലെങ്കിൽ ടീമുകൾ പോയന്‍റ് പങ്കുവെക്കുന്നതോടെ യുഎസ്എ അഞ്ചു പോയന്‍റുമായി സൂപ്പർ എട്ടിലെത്തും. അപ്പോഴും പാക്കിസ്ഥാൻ-അയർലൻഡ് മത്സര ഫലത്തിന് പ്രസക്തിയില്ല. യുഎസ്എ അയർലൻഡിനോട് തോൽക്കുകയും പാക്കിസ്ഥാൻ അയർലൻഡിനെ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമാണ് ബാബർ അസമിനും സംഘത്തിനും സൂപ്പർ എട്ട് യോഗ്യത നേടാനാകൂ. ഇതെല്ലാം നടക്കണമെങ്കിൽ മഴയും പ്രളയവും കനിയുകയും വേണം!!