കൊച്ചി: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി നടത്തിവരുന്ന വിളക്കാഘോഷത്തിന് ‘കോടതിവിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നതിൽ കേസെടുത്ത് ഹൈക്കോടതി. കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നതാണ്. അത് അനുസരിക്കാതെ ഇപ്പോഴും ആ പേര് തന്നെ ഉപയോഗിക്കുന്നതായി കോടതിക്ക് ലഭിച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും മുരളി പുരുഷോത്തമനും അടങ്ങുന്ന ദേവസ്വം ബെഞ്ച് വിഷയം ശനിയാഴ്ച പരിഗണിക്കും.
ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ചാവക്കാട് കോടതിയിലെ ജുഡീഷ്യൽ ഓഫിസർമാരും അഭിഭാഷകരും ചേർന്ന് വർഷങ്ങളായി നടത്തി വരുന്ന വിളക്കാഘോഷത്തിനാണ് ‘കോടതി വിളക്ക്’ എന്ന പേരിട്ട് വിളിച്ചിരുന്നത്. എന്നാൽ കോടതി വിളക്കെന്ന പദം ഇതിന് ഉപയോഗിക്കരുതെന്ന് 2022ൽ ജില്ലയുടെചുമതലയുണ്ടായിരുന്ന ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നേ ഹൈക്കോടതി പേര് മാറ്റാൻ നിർദ്ദേശിച്ചതാണ്.
മതനിരപേക്ഷ സമൂഹത്തിൽ കോടതിവിളക്കെന്ന പേരിൽ ഒരു ചടങ്ങ് നടത്തുന്നത് ശരിയായ കാര്യമല്ലെന്നും ഇതിൽ നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിലും ഇതേ പേര് ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം വീണ്ടും ഹൈക്കോടതിക്ക് ലഭിച്ച കത്തിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.