തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്ത് നിർമ്മിതബുദ്ധി(എ.ഐ.) തുറന്നിടുന്ന അനന്തസാദ്ധ്യതകൾ ചർച്ചചെയ്യുന്ന അന്താരാഷ്ട്ര കോൺക്ലേവ് രണ്ടാം പതിപ്പിന് ഞായറാഴ്ച തിരുവനന്തപുരത്ത്
തുടക്കമാകും. 10-ാം തിയ്യതി ചൊവ്വാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി. യാണ് സംഘടിപ്പിക്കുന്നത്. കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധവേദികളിലുമാണ് കോൺക്ലേവ് നടക്കുകയെന്ന് മന്ത്രി ഡോ. ആർ.ബിന്ദു അറിയിച്ചു.
ഐ.ഐ.ടി.കൾ, ഐ.ഐ.എസ്.സി., വിദേശ സർവകലാശാലകൾ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസസ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽനിന്നുള്ള സാങ്കേതികവിദഗ്ദ്ധർ പ്രബന്ധം അവതരിപ്പിക്കും. മൂന്നു ദിവസങ്ങളിലായി ഏഴ് സെഷനുകളുണ്ടാകും.
നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ, നിയമനിർവഹണം, യുവജന ശാക്തീകരണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സിനിമ തുടങ്ങിയ മേഖലകളിൽ നിർമ്മിതബുദ്ധി ചെലുത്തുന്ന സ്വാധീനമാകും സെമിനാറുകളിലെ വിഷയം.
അന്താരാഷ്ട്ര ഏജൻസിയായ ഐ.ഇ.ഇ.ഇ.യുടെ നേതൃത്വത്തിലുള്ള വട്ടമേശ ചർച്ചകൾ, എ.ഐ. അന്താരാഷ്ട്ര കോൺഫറൻസ്, എ.ഐ. ഹാക്കത്തോൺ, വിദ്യാർത്ഥികൾക്കുള്ള എ.ഐ. ക്വിസുകൾ, എ.ഐ. റോബോട്ടിക് എക്സിബിഷനുകൾ എന്നിവയുമുണ്ടാകും. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന പ്രദർശന സ്റ്റാളുകളും കലാ-സാംസ്കാരിക പരിപാടികളും ഫുഡ് കോർട്ടും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.