പത്തനംതിട്ട: നടൻ ദിലീപിന്റെ ശബരിമലയിൽ വിഐപി ദർശന വിവാദത്തിൽ നാല് പേർക്കെതിരെ നടപടി. ഹൈക്കോടതിയിൽ നിന്നുൾപ്പെടെ രൂക്ഷവിമർശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് കർശന നടപടി സ്വീകരിച്ചത്.
ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ടശേഷം തുടർനടപടി സ്വീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഹരിവാസനം പാടുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയിൽ വിഐപി ദർശനത്തിന് വഴിയൊരുക്കിയത്. പത്ത് മിനിറ്റിലേറെ മുൻ നിരയിൽ തന്നെ നിന്ന് ദർശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദർശനത്തിനും ക്യൂ നീങ്ങുന്നതിനും തടസം സൃഷ്ടിച്ചെന്നാണ് ആരോപണം.
ഹരിവരാസന സമയത്തു പരമാവധി ഭക്തർക്കു ദർശനം നൽകാനാണു ശ്രമിക്കേണ്ടത്. ദേവസ്വം ബോർഡാണ് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. തിങ്കളാഴ്ച വിശദമായ സത്യവാങ്മൂലം സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം
നൽകാൻ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥർ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദർശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയർന്നത്
ശബരിമലയിൽ ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയതാണ്. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. എല്ലാവർക്കും വിർച്വൽ ക്യൂ വഴിയാണ് അവിടെ ദർശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങൾ നടക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച സുനിൽ സ്വാമിയുടെ കേസിന്റെ വിധിന്യായം പുറത്തുവന്നപ്പോൾ അതിലും ഇക്കാര്യം കോടതി എടുത്തുപറഞ്ഞിരുന്നു.