തിരുവനന്തപുരം: വിമാന പാതയിലെത്തുന്ന പക്ഷികളും നാട്ടുകാര്‍ പറത്തുന്ന പട്ടങ്ങളും തിരുവനന്തപുരം വിമാനത്താവളത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങൾ രൂക്ഷമാകുന്നു.
ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടും നിര്‍ബാധം തുടരുന്ന പട്ടംപറത്തല്‍ വിമാനത്താവളത്തില്‍ സൃഷ്ടിക്കുന്ന അപകട സാഹചര്യം ഭയപ്പെടുത്തുന്നതാണ്. ശനിയാഴ്ച വൈകീട്ട് റണ്‍വേക്ക് മുകളില്‍ 200 അടിയോളം ഉയരത്തില്‍ പട്ടം പറന്നതു കാരണം ഇറങ്ങാനെത്തിയ നാലുവിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളെ പാര്‍ക്കിങ്ങ് ഏരിയയിൽ പിടിച്ചിട്ടു.
റണ്‍വേക്ക് മുകളില്‍ അപകടകരമായ സാഹചര്യത്തില്‍ പട്ടം പറത്തിയ സംഭവത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി.) അധികൃതര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പട്ടം പറത്തിയ ആളെ തേടി വലിയതുറ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടില്ല.
നാലുവര്‍ഷം മുന്‍പ് മാലിദ്വീപില്‍നിന്ന് തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിന്റെ ഇടതുഭാഗത്തെ എന്‍ജിനില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങിയ സംഭവമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസും വിമാനത്താവള അധികൃതരും തിരച്ചില്‍ നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്താനായില്ല. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ പരിധിയില്‍ പട്ടം പറത്തരുതെന്ന് ചട്ടം നിലനിൽക്കുമ്പോഴാണ് ജനങ്ങൾ ഈ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.