ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ തകർത്ത് പെയ്യുകയാണ്. അതിശക്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
പെയ്തിറങ്ങിയ കനത്ത മഴയില്‍ തിരുനെല്‍വേലി വെള്ളത്തിൽ മുങ്ങി. ബസ് സ്റ്റാന്‍ഡും റോഡുകളുമെല്ലാം വെള്ളക്കെട്ടിലമർന്നു. തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ വ്യാപകനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതിപോസ്റ്റുകള്‍ നിലം പൊത്തുകയും ചെയ്തു. ഈ പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വീട്ടു സാധനങ്ങളുള്‍പ്പെടെ നശിച്ചു. ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തകരും രംഗത്തുണ്ട്.