ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ സിനിമാ താരം അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് ജുവഡ്ഡി ശ്രീദേവി അദ്ധ്യക്ഷയായ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. നാലാഴ്ചത്തേക്കാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ട്, അന്വേഷണത്തോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. കേസ് ജനുവരി 21ന് വീണ്ടും പരിഗണിക്കും.
നേരത്തെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു താരം.
കുടുംബത്തോട് സഹതാപമുണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം, ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ നിലനിൽക്കുമോ എന്നതിൽ സംശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. നടനാണെന്ന് പറഞ്ഞ് അദ്ദേഹത്തിൻ്റെ അവകാശം തട്ടിയെടുക്കാനാവില്ല. ഈ ഭൂമിയിലെ ഒരു പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന് ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു
ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച അല്ലു അർജുൻ എഫ്ഐആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി എന്നിവർ ഉൾപ്പെട്ട കേസ് ചൂണ്ടിക്കാട്ടിയായിരുന്നു അല്ലു അർജുന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. നിരഞ്ജൻ റെഡ്ഡിയുടെ വാദം.
ഗുജറാത്തിൽ സിനിമ പ്രമോഷനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ ഷാരൂഖാനെതിരെ കേസെടുത്ത നടപടിയാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ ചുമത്തിയ പോലീസ് നടപടിയിൽ ഗുജറാത്ത് ഹൈക്കോടതി താരത്തിന് ജാമ്യം നൽകിയ ഉത്തരവും സുപ്രീം കോടതി ഇത് ശരിവെച്ച ഉത്തരവുമാണ് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. സന്ധ്യ തിയേറ്ററിൻ്റെ ഗ്രൗണ്ട് ഫ്ലോറിലാണ് സംഭവം നടന്നതെന്നും ഈ സമയം അല്ലു അർജുൻ ബാൽക്കണിയിലായിരുന്നുവെന്നും അഭിഭാഷകൻ വാദിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം അല്ലു അർജുന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അല്ലു അർജുൻ ഉൾപ്പെടെയുള്ളവരോട് തിയേറ്റർ സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും വാദിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ചിക്കഡ്പള്ളി പോലീസ് ഉദ്യോഗസ്ഥർ അല്ലു അർജുനെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് ശേഷമാണ് അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. രേവതിയുടെ മരണത്തില്‍ അല്ലു അനുശോചനം അറിയിച്ചിരുന്നു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അല്ലു കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.