കൊട്ടാരക്കര : കൊട്ടാരക്കര കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജ് ഒരുക്കുന്നു. പ്രധാനമായും തീർത്ഥാടന യാത്രകളും ഉല്ലാസയാത്രകളുമാണ് ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുന്നത്. ഡിസംബർ 13 ന് വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥാടന യാത്ര, കമ്പം, മുന്തിരിപാടം, മധുര, തഞ്ചാവൂർ, വേളാങ്കണ്ണി എന്നിവ ഈ യാത്രയിൽ ഉൾപ്പെടും. ഡിസംബർ 20 ന് മഹാബലിപുരം ദക്ഷിണ ചിത്ര, തമിഴ്നാട്ടിലേക്കുള്ള ഒരു യാത്ര ക്രമീകരിച്ചിട്ടുണ്ട്.
ലോകത്തിലെ ആദ്യത്തെ അഗ്രികൾച്ചറൽ പാർക്ക് ആയ കോട്ടയത്ത് സ്ഥിതി ചെയ്യുന്ന മാംഗോ മെഡോസ് അഗ്രികൾച്ചറൽ പാർക്കിലേക്കുള്ള യാത്ര, അഷ്ടമുടി കായലിലെ ഹൗസ് ബോട്ടിംഗ് യാത്ര എന്നിവ ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
ശബരിമല സീസൺ പ്രമാണിച്ച് ‘ഇരുമുടി നിറക്കുന്നിടത്ത് കെ എസ് ആർ ടി സി’ എന്ന പദ്ധതി ഭാഗമായി പമ്പയിലേക്ക് പോകുന്നവർക്ക് ഒരുമിച്ച് ബസ് ബുക്ക് ചെയ്യാനുള്ള സൗകര്യം കൊട്ടാരക്കര കെ എസ് ആർ ടി സി ബജറ്റ് ടൂറിസം ഒരുക്കിയിരിക്കുന്നു. 25100 രൂപയാണ് പമ്പയിലേക്ക് പോയി തിരിച്ചു വരുന്നതിന് ചാർജ് ഈടാക്കുന്നത്. പമ്പയിലേക്ക് പോകുന്നതിന് മാത്രണെങ്കിൽ 12500 രൂപയാണ് ചാർജ്.
ഡിസംബർ 27 ന് മൂകാംബിക, കുടജാദ്രി, ഉടുപ്പി, പറശ്ശിനിക്കടവ്, അനന്തപുരം, ബേക്കൽകോട്ട, ഉത്രാളിക്കാവ്, വടക്കുംനാഥ ക്ഷേത്രം എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു തീർത്ഥാടന യാത്ര പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. 3400 രൂപയാണ് ഇതിനായി ചാർജ് ഈടാക്കുന്നത്.
കൊട്ടാരക്കര കെ എസ് ആർ ടി സി ബജറ്റ് ടൂറിസത്തിനെ സമീപിക്കാനും യാത്രകൾ ബുക്ക് ചെയ്യാനും 9567124271 എന്ന നമ്പരിൽ ബദ്ധപ്പെടാവുന്നതാണ്.