തിരുവനന്തപുരം : 2018 ലെ പ്രളയമടക്കം വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം ഉടൻ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ വർഷം ഒക്ടോബറിലാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കത്തയച്ചത്. ഈ വഴിക്ക് ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം.
വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് പ്രത്യേക ധനസഹായം ആവശ്യപ്പെട്ടിട്ടും ഇതുവരെയും കേന്ദ്രം നൽകാൻ തയ്യാറായിട്ടില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിന്ന് പണം ആങ്ങോട്ടാവശ്യപ്പെടുന്നത്. വയനാട്ടിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ മാത്രമല്ല, ദുരിതം വിതച്ച 2018 ലേയും 2019 ലേയും പ്രളയക്കാലത്തും സൈന്യം നടത്തിയ സേവനത്തിൻ്റെ തുക മുഴുവൻ കണക്കുകൂട്ടിയാണ് തിരിച്ചടക്കാൻ ആവശ്യപ്പെട്ടുള്ള കത്ത്.
2021-26 വര്‍ഷത്തേക്കുള്ള കേരളത്തിന്റെ എസ്.ഡി.ആർ.എഫ് വിഹിതം കൃത്യമായി നൽകാതെയാണ് ആ ഫണ്ടിൽ നിന്ന് കേന്ദ്രം തുക എയർലിഫ്റ്റിൻ്റെ പേരിൽ ആവശ്യപ്പെടുന്നത് എന്നതും ശ്രദ്ധേയം. സംസ്ഥാന വിഹിതമായ 1,852 കോടി രൂപക്ക് പകരം 145.6 കോടിയാണ് ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന് ലഭിച്ചത്. ഈ കാലയളവില്‍ ആന്ധ്രപ്രദേശിന് 6,591 കോടി രൂപയും ഗുജറാത്തിന് 7,802 കോടി രൂപയും യു.പിക്ക് 11,369 കോടി രൂപയുമാണ് കേന്ദ്രം നൽകിയത്.