ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ചൊല്ലി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും തമ്മില്‍ പൊരിഞ്ഞ വാക്‌പോര്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് എഎപി നിയമവിരുദ്ധമായി ആതിഥേയത്വം നല്‍കുകയാണെന്നുള്ള ഹര്‍ദിപ് സിങ് പുരിയുടെ ആരോപണമാണ് വാക്പോരിന് വഴിവെച്ചത്.
“ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കിയിട്ടില്ല. അനധികൃത അഭയാര്‍ഥികളെ സ്വീകരിച്ചത് എ.എ.പിയാണ്. വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെ 10,000 രൂപ വരെ അവര്‍ക്ക് നല്‍കി.” ഇങ്ങനെ പോകുന്നു ഹര്‍ദിപ് സിങ് പുരിയുടെ ആരോപണം.
പുരിയുടെ ആരോപണങ്ങള്‍ക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട് 2022- ല്‍ അദ്ദേഹം തന്നെ പങ്കുവെച്ച എക്‌സ് പോസ്റ്റ് ഉയർത്തിക്കാട്ടിയാണ് അതിഷിയുടെ മറുപടി.
ഇന്ത്യയിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ വരവേറ്റത് കേന്ദ്ര സര്‍ക്കാരാണെന്നും അതിഷി ആരോപിച്ചു. “ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കുടിയേറാന്‍ റോഹിങ്ക്യന്‍ അഭയാർഥികൾക്ക് കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കി. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങള്‍ കടന്ന് അവര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ അവര്‍ക്ക് വീടുകൾ ഉണ്ടാക്കി നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്.”- അതിഷി പറഞ്ഞു.
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെയുള്ള എ.എ.പി നേതാക്കളും 2022 ലെ ഹര്‍ദീപ് പുരിയുടെ എക്‌സ് പോസ്റ്റ് റീപോസ്റ്റ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.