പട്ന : ലാലു പ്രസാദ് യാദവിൻ്റെ പരിഹാസം നിതീഷ് കുമാറിന് കുറിക്കുകൊണ്ടു. പ്രഖ്യാപിച്ച യാത്രയുടെ പേര് മാറ്റി മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിൻ്റെ ‘മഹിളാ സംവാദ് യാത്ര’ പെണ്ണുങ്ങളെ വായ് നോക്കാനുള്ള യാത്രയാണെന്നായിരുന്നു ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിൻ്റെ പരിഹാസം. ഈ മാസം 23ന് ആരംഭിക്കുന്ന യാത്രയുടെ പേര് ഉടൻ മാറ്റി ‘പ്രഗതി യാത്ര’ എന്നാക്കി.
അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ചെലവിൽ പ്രചാരണ യാത്ര നടത്തുന്നതിനെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും വിമർശിച്ചു. ‘പ്രഗതി യാത്ര’ നികുതിദായകന്റെ ചെലവിലുള്ള പിക്നിക് ആണെന്നാണു തേജസ്വിയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സമാജ് സുധാർ യാത്ര, സമാധാൻ യാത്ര എന്നിങ്ങനെ രണ്ടു ജനസമ്പർക്ക യാത്രകൾ നിതീഷ് നടത്തിയിരുന്നു.